- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധർമ്മടം ബീച്ചിൽ മുങ്ങിമരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി; മരണമടഞ്ഞത് ഗൂഡല്ലൂർ സ്വദേശികൾ
തലശേരി: അവധി ദിനത്തിലുണ്ടായ യുവാക്കളുടെ ദുരന്തത്തിൽ നടുങ്ങി കണ്ണൂർ. ദീപാവലി അവധി ആഘോഷിക്കാനെത്തിയപ്പോൾ കടലിൽ വീണുമരിച്ച ഗൂഡല്ലൂർ സ്വദേശികളായ യുവാക്കളുടെ മൃതദേഹങ്ങൾ തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിനാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ചൊവ്വാഴ്‌ച്ച ധർമ്മടം ചാത്തോടം ബീച്ചിൽ കുളിക്കാനിറങ്ങിയ ഗൂഡല്ലൂർ എസ്. എഫ് നഗറിലെ മുരുകന്റെ മകൻ അഖിൽ(23) കൃഷ്ണന്റെ മകൻ സുനീഷ്(23) എന്നിവരാണ് ദാരുണമായി മുങ്ങിമരിച്ചത്.
ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മുഴപ്പിലങ്ങാട് ബീച്ച് സന്ദർശനത്തിനിടെ ഇവർ ചാത്തോത്ത് ബീച്ചിലെത്തിയത്. ഇലക്ട്രിക്കൽ ജോലിക്കാരായ അഖിലും സുനീഷും ഉൾപ്പെടെ ഏഴുപേരാണ് ദീപാവലി ആഘോഷിക്കാനായി കേരളത്തിലെത്തിയത്. വയനാട്ടിലും മാഹിയിലും സഞ്ചരിച്ച ശേഷമാണ് ഇവർ ചാത്തോടം ബീച്ചിലെത്തിയത്. കൂട്ടത്തിലുള്ള അഞ്ചുപേർ മറ്റൊരിടത്ത് നിന്ന് കടൽ കാഴ്ചകൾ ആസ്വദിക്കുന്നതിനിടെയാണ് അഖിലും, സുനീഷും ബീച്ചിൽ കുളിക്കാനിറങ്ങിയത്.
ഒന്നിച്ചുള്ളവർ തിരിച്ചെത്തിയിട്ടും അഖിലിനെയും സുനീഷിനെയും കാണാത്തതിനെ തുടർന്ന് ഇവർ തെരച്ചിൽ നടത്തുകയായിരുന്നു. ഇരുവരുടെയും വസ്ത്രങ്ങൾ തീരത്തുണ്ടായിരുന്നു. പരിഭ്രാന്തരായ കൂട്ടുകാർ ഉടൻ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ബോട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.
തുടർന്ന് പൊലിസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയുകയായിരുന്നു. കോസ്റ്റൽ ബോട്ട്, മുങ്ങൽ വിദഗ്ദ്ധർ, മട്ടാമ്പ്രത്തെരക്ഷാപ്രവർത്തകൻ മൻസൂർ എന്നിവർ നടത്തിയ സംയുക്ത തെരച്ചിലിലാണ് ചൊവ്വാഴ്‌ച്ച വൈകുന്നേരത്തോടെ അഴിമുഖത്ത് നിന്ന് അഖിലിന്റെ മൃതദേഹം കണ്ടെത്തിയത്. സുനീഷിനായി തെരച്ചിൽ നടത്തുന്നതിനിടെ ചൊവ്വാഴ്‌ച്ച രാത്രി എട്ടുമണിയോടെ ഒഴിവാലി പൊളിക്കപ്പൽ പരിസരത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹങ്ങൾ തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
കോസ്റ്റൽ പൊലിസ് ഇൻസ്പെക്ടർ ബിജു പ്രകാശ് ടി.വി, സബ് ഇൻസ്പെക്ടർ വിനോദ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഗൂഡല്ലൂരിൽ നിന്നും ഇരുവരുടെയും ബന്ധുക്കളെത്തിയതിനു ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ ധർമടം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ധർമടം ബീച്ചിൽ ലൈഫ് ഗാർഡുമാരില്ലാത്തതാണ് യുവാക്കൾ കടലിൽ ഒഴുക്കിൽപ്പെടാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.




