റാന്നി: ജലനിധിയുടെ കുടിവെള്ള സംഭരണി വൃത്തിയാക്കി പെയിന്റ് ചെയ്യുന്നതിനിടയിൽ തൊഴിലാളികളായ സഹോദരങ്ങൾ കുഴഞ്ഞു വീണു. ഇവരെ രക്ഷിക്കാൻ വേണ്ടി ടാങ്കിൽ ഇറങ്ങിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് ശ്വാസതടസം.

മുണ്ടപ്പുഴ കൊല്ലംതുണ്ടിയിൽ അഭിലാഷ്, മോനായി എന്നിവർക്കാണ് അപകടം ഉണ്ടായത്. ബുധനാഴ്ച വൈകിട്ട് 3.45 നാണ് അപകടം നടന്നത്. വെട്ടിമൂട്ടിൽ സുനു കുര്യന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സംഭരണി വൃത്തിയാക്കുന്നതിനിടയിലാണ് അപകടം.സംഭരണക്കുള്ളിൽ വായു ഇല്ലാത്തതിനെ തുടർന്ന് ഇരുവരുടെയും ബോധം നഷ്ടപ്പെടുകയായിരുന്നു.

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ബോധരഹിതരായ ഇരുവരെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ബ്രീത്തിങ് അപ്പാരറ്റസ് ഉപയോഗിച്ചാണ് പുറത്തെത്തിച്ചത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇരുവർക്കും ചികിത്സ നൽകി. ഇവരെ പുറത്തെത്തിക്കുവാൻ സംഭരണിയിൽ ഇറങ്ങിയ റെസ്‌ക്യൂ ഓഫീസർമാരായ ഷമീറിനും മനോജിനും ശ്വാസ തടസം ഉണ്ടായി. ഇരുവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഫയർ റെസ്‌ക്യു ഉദ്യോഗസ്ഥരായ സേതുനാഥപിള്ള, ഷിബു, അൻസാരി എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.