- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യബസിന്റെ പുറകിലിടിച്ച ബൈക്ക് തീഗോളം പോലെ കത്തി; കണ്ണൂരിനെ മുൾമുനയിലാക്കി അപകടം; ബൈക്ക് യാത്രക്കാരനായ യുവാവ് രക്ഷപ്പെട്ടത് അദ്ഭുതകരമായി
കണ്ണൂർ: കണ്ണൂരിൽ ബസിനു പുറകിലിടിച്ച ബൈക്ക് തീഗോളം പോലെ കത്തിയമർന്നത് യാത്രക്കാരിലും നാട്ടുകാരിലും പരിഭ്രാന്തി പരത്തി. കണ്ണൂർ-മട്ടന്നൂർ റോഡിലെ മതുക്കോത്താണ് സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് പൂർണമായി കത്തിച്ചാമ്പലായത്. ബൈക്ക് യാത്രക്കാരൻ തീപിടിത്തമുണ്ടായ ഉടൻ അത്ഭുതകരമായി ഓടിരക്ഷപ്പെട്ടു.
തീഗോളം ഉയരുന്നതുകൊണ്ടു മുൻപിലുള്ള ബസ് നിർത്തിയാത്രക്കാരും ഇറങ്ങിയോടി രക്ഷപ്പെട്ടു. കണ്ണൂരിൽ ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ജയ്സൺ ബസും വട്ടക്കുളം സ്വദേശി റിത്വിക്കിന്റെ ബൈക്കും മതുക്കോത്തുവച്ചാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ പുറകിലിടിച്ച ബൈക്കിന്റെ ടാങ്കിന് തീപിടിക്കുകയും ബൈക്ക് കത്തി നശിക്കുകയുമായിരുന്നു.
ബൈക്ക് യാത്രക്കാരനായ റിത്വിക്ക് ഓടിരക്ഷപ്പെട്ടതിനാൽ വൻദുരന്തത്തിൽ നിന്നും ഒഴിവായി. ഇയാൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഷോർട്ട്സർക്യൂട്ട് കാരണമാണ് ബൈക്കിന് തീപിടിച്ചതെന്നു കരുതുന്നു. വിവരമറിഞ്ഞ് ചക്കരക്കൽ പൊലിസും കണ്ണൂരിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി. വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് ഈ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. അപകടത്തിൽ ബൈക്ക് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരനായ വട്ടക്കുളം സ്വദേശി റിത്വിക്കിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ചു പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ബൈക്ക് അമിത വേഗതയിലാണോ സഞ്ചരിച്ചതെന്നറിയാൻ പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പൊലിസ് പരിശോധിക്കും. ഒരാഴ്‌ച്ച മുൻപ് കണ്ണൂർ നഗരത്തിലെ കണ്ണോത്തും ചാലിൽ കല്യാൺസിൽക്സിന്റെ മുൻ വശം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചിരുന്നു. പുതിയതെരുവിലും വളപട്ടണത്തും ഇതിനു സമാനമായി കാറുകൾ കത്തിനശിച്ചിരുന്നു.
കൂത്തുപറമ്പ് തൊക്കിലങ്ങാടി പാലപ്പറമ്പിൽ ഒരുവർഷം മുൻപ് ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചിരുന്നു. സംഭവസ്ഥലത്ത് ഫോറൻസിക് വിഭാഗം പരിശോധന നടത്തും. ബസിന്റെ പിൻഭാഗത്ത് സാരമായ കേടുപാടുകൾ പറ്റിയിട്ടില്ല. തലനാരിഴയ്ക്കാൻ വൻദുരന്തമൊഴിവായതെന്ന് ദൃക്സാക്ഷികളായ വ്യാപാരികളും നാട്ടുകാരും പറഞ്ഞു.




