പത്തനംതിട്ട: കോൺക്രീറ്റ് മിക്സർ യൂണിറ്റുമായി വന്ന ട്രാക്ടർ ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. പീരുമേട് സ്വദേശി അഭിലാഷ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.45 ന് മലയാലപ്പുഴ സ്റ്റേഷൻ പരിധിയിൽപ്പെട്ട കൊമ്പനോലിയിലായിരുന്നു അപകടം.

റോഡ് പണിക്കായുള്ള കോൺക്രീറ്റ് മിക്സർ യൂണിറ്റ് പ്ലാന്റ് ഘടിപ്പിച്ച ട്രാക്ടറാണ് ഇറക്കം ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഭാരമേറിയ മിക്സിങ് പ്ലാന്റ് ട്രാക്ടറിന് പിന്നിൽ ഘടിപ്പിച്ചിരിക്കുകയായിരുന്നു. ഇറക്കം ഇറങ്ങുമ്പോൾ അമിത ഭാരമുള്ള മിക്സർ യൂണിറ്റ് നിയന്ത്രണം തെറ്റി ട്രാക്ടറിന്റെ പിന്നിൽ വന്നിടിച്ചു. തുടർന്ന് മിക്സർ യൂണിറ്റുമായി ട്രാക്ടർ മറിയുകയായിരുന്നു. മലയാലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു.