- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിനെ അമിത വേഗതയിൽ മറികടക്കുമ്പോൾ പാറയുമായി വന്ന ടിപ്പർ ലോറിക്ക് നിയന്ത്രണം വിട്ടു; തല കീഴായി മറിഞ്ഞത് സ്‌കൂട്ടറിന് മുകളിലേക്ക്; പാറയ്ക്കടിയിൽപ്പെട്ട സ്‌കൂട്ടർ യാത്രികൻ ചികിൽസയിലിരിക്കേ മരിച്ചു
പത്തനംതിട്ട: കാറിനെ അമിതവേഗതയിൽ മറി കടക്കുന്നതിനിടെ പാറ കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ടു തല കീഴായി സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു. പാറയ്ക്കടിയിൽപ്പെട്ട് പരുക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ വിദഗ്ധ ചികൽസയ്ക്ക് കൊണ്ടു പോകുന്നതിനിടെ മരിച്ചു. പ്രക്കാനം തോട്ടുപുറം കള്ളിമല ചിറക്കടവിൽ പി.എസ്. സാമുവൽ (65) ആണ് മരിച്ചത്. ജനറൽ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴി കോട്ടയം ജില്ലാ ആശുപത്രിക്കു സമീപം വച്ച് അസ്വസ്ഥത അനുഭവപ്പെട്ടു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മരിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പത്തനംതിട്ട-ഓമല്ലൂർ റോഡിൽ പുത്തൻപീടിക കുളം ജങ്ഷനിലാണ് അപകടം നടന്നത്. പത്തനംതിട്ട ഭാഗത്തേക്ക് ലോഡു കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിന് മുകളിലേക്ക് തല കീഴായി മറിഞ്ഞത്. മുന്നിൽ പോയ കാർ മറിക്കടക്കവേയാണ് അപകടമെന്ന് പറയുന്നു. പാറക്കല്ലുകൾ വീണ് സ്‌കൂട്ടർ തവിടു പൊടിയായി. സാമുവൽ പാറയ്ക്ക് അടിയിൽപ്പെട്ടു. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. ഇടിയുടെ ആഘാതത്തിൽ ഓടയും തകർന്നു. പത്തനംതിട്ട-ഓമല്ലൂർ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഷട്ടർ മുക്ക്, പുത്തൻപീടിക, ഓമല്ലൂർ കുരിശടി ജങ്ഷൻ, സന്തോഷ് മുക്ക് എന്നിവിടങ്ങളിൽ നിന്ന് വാഹനഗതാഗതം വഴി തിരിച്ചു വിട്ടു. സ്‌കൂട്ടർ യാത്രക്കാരൻ സാമുവൽ തൂക്കുപാലത്തിന് സമീപം തട്ടുകട നടത്തുകയായിരുന്നു. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജിജു, സജു. മരുമക്കൾ: ജിനു, അനു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്