പന്തളം: സെക്കൻഡ് ഷോ കഴിഞ്ഞ് മടങ്ങിയ യുവാവ് സ്‌കൂട്ടർ അപകടത്തിൽ മരിച്ചു. പൂഴിക്കാട് തവളംകുളം സോമാലയത്തിൽ വേണുവിന്റെ മകൻ വിഷ്ണു (ഉണ്ണിക്കുട്ടൻ22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കീരുകുഴി സ്വദേശി അമലിനെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ 12.40ഓടെ എംസി റോഡിൽ കുരമ്പാല പെട്രോൾ പമ്പിന് സമീപത്തുവച്ചായിരുന്നു അപകടം.

അടൂരിൽ സിനിമ കണ്ട് മടങ്ങുകയായിരുന്ന വിഷ്ണുവും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അടൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അജിതയാണ് മാതാവ്. സഹോദരൻ:സിദ്ധാർത്ഥൻ.