കുമ്പഴ: സ്വകാര്യബസും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കൽ പ്രതിഭാ സദനത്തിൽ പ്രതിഭയുടെ മകൻ ആരോമൽ (22) ആണ് മരിച്ചത്. കുമ്പഴ-പത്തനംതിട്ട റോഡിൽ സ്മാർട്ട് പോയിന്റിന് മുന്നിൽ ബുധൻ രാത്രി ഏഴരയോടെ ആയിരുന്നു ആയിരുന്നു അപകടം.

പത്തനംതിട്ട-പുനലൂർ റൂട്ടിൽ സർവീസ് നടത്തുന്ന തൂഫാൻ ബസും ആരോമൽ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ചു വീണ യുവാവിന് മുകളിലൂടെ ബസ് കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു. ബസ് നിർത്തി ജീവനക്കാർ നോക്കിയെങ്കിലും പിന്നീട് വിട്ടു പോയെന്നാണ് നാട്ടുകാർ പറയുന്നത്. പരുക്കേറ്റ ആരോമലിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സർവീസ് അവസാനിപ്പിച്ച ശേഷം സ്വകാര്യ ബസ് കുമ്പഴയിലുള്ള ഗാരേജിൽ കയറ്റിയിടുന്നതിന് പോകും വഴിയാണ് അപകടം.

ഒരു വർഷം മുൻപ് കൊട്ടാരക്കയിൽ വച്ച് ആരോമലിന് ബൈക്ക് ആക്സിഡന്റിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. കാലിന് സ്റ്റീൽ റാഡ് ഘടിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് നടന്നു തുടങ്ങിയത്. അതിനിടെയാണ് വീണ്ടുമുണ്ടായ അപകടം യുവാവിന്റെ ജീവൻ എടുത്തിരിക്കുന്നത്.