- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിമെന്റ് മിക്സർ കയറ്റി വന്ന മിനി ലോറിയിൽ ഉണ്ടായിരുന്നത് 13 പേർ; ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; മറ്റൊരാളുടെ കൈ അറ്റു: സംഭവം പുല്ലാട്
പത്തനംതിട്ട: സിമെന്റ് മിക്സിങ് മെഷിൻ കയറ്റി വന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. മഒരാളുടെ കൈ അറ്റുപോയി. അഞ്ചു പേർക്ക് ഗുരുതരപരുക്ക്. അയിരൂർ കാഞ്ഞീറ്റുകര റോഡിൽ പൊന്മലയിലേക്ക് തിരിയുന്ന ഭാഗത്താണ് വ്യാഴം വൈകിട്ട് നാലരയോടെ അപകടം ഉണ്ടായത്. ബംഗാൾ സ്വദേശി സജാവൂർ റഹ്‌മാനാണ് മരിച്ചത്.
തടിയൂർ ഭാഗത്തു നിന്നും കോൺക്രീറ്റ് കഴിഞ്ഞു തൊഴിലാളികളും മിക്സിങ് മെഷീനുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. 13 പേരാണ് മിനി ലോറിയിൽ ഉണ്ടായിരുന്നത്. പൊന്മല ഭാഗത്തെ വളവിലെ ഇറക്കത്തിൽ എത്തിയപ്പോൾ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായി നിയന്ത്രണം വിടുകയും വലതു ഭാഗത്തെ തിട്ടയിൽ ഇടിച്ച ശേഷം ഇടതു ഭാഗത്തെ കുഴിയിലേക്ക് മറിയുകയും ആയിരുന്നു എന്ന് പറയുന്നു.
എന്നാൽ തിരക്ക് കുറഞ്ഞ ഈ ഭാഗത്തുണ്ടായ അപകടം നേരിൽ കണ്ടവരില്ലെന്നും പറയുന്നുണ്ട്. വലിയ ശബ്ദം കേട്ട് സമീപ വാസികൾ ഓടിയെത്തിയപ്പോഴുണ് അപകടം അറിയുന്നത്. ലോറി മറിഞ്ഞതോടെ ഇതിന്റെ മുകളിൽ ഉണ്ടായിരുന്ന മിക്സിങ് മെഷിനും വീണു. ഇതിന് അടിയിൽ പെട്ടാണ് തൊഴിലാളിക്ക് ദാരുണ മരണം സംഭവിച്ചത്. ലോറിയിൽ ഉണ്ടായിരുന്ന മറ്റുള്ളവരും താഴെ കുഴിയിൽ ലോറിക്ക് അടിയിലേക്കും വശങ്ങളിലേക്കും വീണു. ഇതിൽ ലോറിക്കും മിക്സിങ് മെഷിനും അടിയിൽ പെട്ടവർക്കാണ് കൂടുതൽ പരുക്കുണ്ടായിരിക്കുന്നത്.
തമിഴ്‌നാട്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.കോയിപ്പുറം പൊലീസും അഗ്നി ശമന സേനയും സ്ഥലത്തെത്തി നാട്ടുകാർക്കൊപ്പം രക്ഷാ പ്രവർത്തനത്തിൽ സജീവമായി. പൂർണമായും നിയമം ലംഘിച്ചായിരുന്നു വാഹനം ഓടിച്ചതെന്ന് പൊലീസ് പറയുന്നു. വേണ്ടത്ര മുൻ കരുതൽ എടുക്കാതെയും നിയമം ലംഘിച്ചുമാണ് മിക്സിങ് മെഷിൻ ലോറിയിൽ കയറ്റി കൊണ്ടുപോയത്.ഇത്തരം വാഹനങ്ങൾ കൊണ്ടുപോകുന്നതിന് കൃത്യമായ മാർഗ നിർദ്ദേശങ്ങൾ നിലവിലുണ്ട്.ലോറിക്ക് മുകളിൽ യാത്രക്കാരെ കയറ്റുന്നതും നിയമ ലംഘനമാണെന്നും പൊലീസ് പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്