പത്തനംതിട്ട: പിതാവ് കളിപ്പിച്ചു കൊണ്ടിരിക്കേ ഒന്നര വയസുകാരി കൈയിൽ നിന്നും നിലത്തു തലയടിച്ച് വിണ് മരിച്ചു. തെക്കേമല തടത്തിൽ വീട്ടിൽ ടി.എം വിനോദിന്റെ വീടിനോട് ചേർന്ന് താമസിക്കുന്ന ബീഹാർ സ്വദേശികളായ നാഗേന്ദ്രകുമാറിന്റെ(27)യും സബിത ദേവിയുടെയും മകൾ സൃഷ്ടികുമാരിയാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം തെക്കേമലയിലെ കടയിൽ പോയി മടങ്ങിയെത്തി കുട്ടി പിതാവിന്റെ കൈയിൽ നിന്നും വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തലയടിച്ച് വീണതിനാൽ കുഞ്ഞിന്റെ നില ഗുരുതരമായിരുന്നു. രാത്രി ഒമ്പതു മണിയോടെയാണ് കുട്ടി മരിച്ചത്. വീട്ടുടമയുടെ മൊഴി പ്രകാരം ആറന്മുള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.