- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്മരം വീഴുന്നത് കണ്ട് ഓടി മാറാനുള്ള ശ്രമത്തിനിടെ വേരിൽ തട്ടി വീണു; ഗവിയിലെ ഏലത്തോട്ടത്തിൽ വീണ മരത്തിന് അടിയിൽപ്പെട്ട് തൊഴിലാളി സ്ത്രീ മരിച്ചു
പത്തനംതിട്ട: ഗവിയിൽ കെഎഫ്ഡിസിയുടെ ഏലത്തോട്ടത്തിൽ കടപുഴകിയ മരത്തിന് അടിയിൽപ്പെട്ട് തൊഴിലാളി സ്ത്രീ മരിച്ചു. മീനാർ കോളനി നിവാസി ആനന്ദകുമാരി(45)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഏലത്തോട്ടത്തിൽ വളമിടുന്നതിനിടെയാണ് അപകടം. ആനന്ദകുമാരിയടക്കം 12 പേരാണ് ഏലത്തോട്ടത്തിൽ വളം ഇട്ടു കൊണ്ടിരുന്നത്. ഇവർക്കിടയിലേക്ക് മരം കടപുഴകുകയായിരുന്നു. മരം വീഴുന്നത് കണ്ട് ഇവർക്കൊപ്പമുണ്ടായിരുന്ന വാച്ചർ ഓടി മാറാൻ വിളിച്ചു പറഞ്ഞു. മറ്റ് തൊഴിലാളികൾക്കൊപ്പം ഓടി മാറുന്നതിനിടെ മരത്തിന്റെ വേരിൽത്തട്ടി ആനന്ദകുമാരി വീണു. നിലത്തു വീണു കിടന്ന ആനന്ദകുമാരിക്ക് മുകളിലേക്ക് മരം വീഴുകയും ശിഖരം തട്ടി തൽക്ഷണം മരിക്കുകയുമായിരുന്നു.
തുടർന്ന് വള്ളക്കടവ് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ മൃതദേഹം വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. മൃതദേഹം ഇവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം നടന്നത് ആങ്ങമുഴി സ്റ്റേഷൻ പരിധിയിലായതിനാൽ പൊലീസ് എത്തി പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പെരിയാർ കടുവാ സങ്കേതത്തിനുള്ളിലാണ് ഗവി കെഎഫ്ഡിസിയുടെ ഏലത്തോട്ടം.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്