കൽപ്പറ്റ: വയനാട് പനമരത്ത് വലവീശി മീൻ പിടിക്കുന്നതിനിടെ വെള്ളത്തിലേക്ക് കാൽവഴുതി വീണ് യുവാവ് മുങ്ങിമരിച്ചു. കരിമ്പുമ്മൽ ചുണ്ടക്കുന്ന് പൂക്കോട്ടിൽ പാത്തൂട്ടിയുടെ മകൻ നാസർ(36) ആണ് മരിച്ചത്.

ദാസനക്കര കൂടൽക്കടവ് ചെക്ക് ഡാമിന് സമീപത്ത് വച്ച് ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. നീരൊഴുക്ക് കൂടിയ പ്രദേശത്ത് നിന്നുകൊണ്ട് വലവീശുന്നതിനിടെ നാസർ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു.

ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ സ്‌കൂബാ ഡൈവിങ് ടീമെത്തിയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വീശുവലയിൽ കൈ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ഇതിനാൽ യുവാവിന് നീന്തി രക്ഷപ്പെടാൻ സാധിച്ചില്ലെന്ന് കരുതുന്നതായും അധികൃതർ അറിയിച്ചു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.