അടൂർ: കോളജിൽ ഓണാഘോഷം കൊഴുപ്പിക്കാനുള്ള ചെണ്ടമേളം കാണാൻ കുട്ടികൾ ചുറ്റുമതിലിന് ചുറ്റും കൂടി. മതിൽ തകർന്ന് വീണ് അവശിഷ്ടങ്ങൾ ശരീരത്ത് വീണ് രണ്ടു ചെണ്ടമേളക്കാർക്ക് പരുക്ക്. അടൂർ അപ്ലൈഡ് സയൻസ് കോളജിൽ വ്യാഴാഴ്ച രാവിലെ 11 ന്ാണ് സംഭവം.

ഓണം ആഘോഷമാക്കുന്നതിന് വേണ്ടി വിദ്യാർത്ഥികൾ ചെണ്ടമേളം സഹിതമുള്ള ഘോഷയാത്ര അറേഞ്ച് ചെയ്തിരുന്നു. പാർഥ സാരഥി ക്ഷേത്രം റോഡിലൂടെ ഘോഷയാത്രയും ചെണ്ടമേളവും കടന്നു വരുമ്പോൾ അതു കാണാനായി കുറച്ചു കുട്ടികൾ കോളജിന്റെ സമീപമെത്തി. അൽപ്പം കഴിഞ്ഞപ്പോൾ ചുറ്റുമതി ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. അപകടം മണത്ത കുട്ടികൾ ഓടി മാറിയതിനാൽ ആർക്കും പരുക്കേറ്റില്ല.

എന്നാൽ മതിലിന്റെ അവശിഷ്ടങ്ങൾ റോഡിലൂടെ വരികയായിരുന്ന ചെണ്ടമേളക്കാരുടെ ശരീരത്തേക്ക് വീണു. കൈപ്പട്ടൂർ പത്തുപറയിൽ അശ്വദേവ് (20), നൂറനാട് അമ്പിളി ഭവനിൽ അമൽ (19) എന്നിവർക്ക് പരുക്കേറ്റു. ഇവർക്ക് പ്രഥമശുശ്രൂഷ നൽകി. പിന്നീട് കോളജിൽ ഓണാഘോഷം തുടർന്നു.