കണ്ണൂർ: സുഹൃത്തുക്കളോടൊപ്പം പയ്യാമ്പലം പള്ളിയാംമൂലയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് ചുഴിയിൽ പെട്ടു മരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.പള്ളിയാംമൂല സരോവരം വീട്ടിൽ സുരേഷ്-സ്വപ്ന ദമ്പതികളുടെ മകൻ വിഘ്നേഷ് (23) ആണ് മരിച്ചത്. നീന്തുന്നതിനിടെ കടലിലെ ചുഴിയിൽ പെട്ട വിഘ്നേഷിനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ചുഴിയിൽ നിന്നും പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: അമയ.സഹോദരൻ: വിഷ്ണു.

പയ്യാമ്പലം ബീച്ചിൽ ഏറ്റവും അപകടകരമായ സ്ഥലങ്ങളിലൊന്നാണ് പള്ളിയാംമൂല. പയ്യാമ്പലത്തും പരിസരങ്ങളിലും കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ടു മരണമടഞ്ഞത് നിരവധിയാളുകളാണ്. മൂന്നു മാസം മുൻപ് പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ കർണാടക സ്വദേശിയായ യുവാവ് മരണമടഞ്ഞിരുന്നു. വിനോദസഞ്ചാരത്തിലെ അംഗമായ യുവാവാണ് കടലിൽ കുളിക്കാനിറങ്ങിയപ്പോൾ അതിശക്തമായ ഒഴുക്കിൽപ്പെട്ടു മരിച്ചത്. പയ്യാമ്പലത്ത് ലൈഫ് ഗാർഡുമാരുമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും രണ്ടു കിലോമീറ്റർ ഇപ്പുറമുള്ള പള്ളിയാം മൂലയിൽ ഇവരുടെ സാന്നിധ്യമുണ്ടാകാറില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

മുന്നറിയിപ്പു ബോർഡുകളോ മറ്റു സുരക്ഷാസംവിധാനങ്ങളോ ഇല്ലാത്ത പള്ളിയാംമൂല വിനോദസഞ്ചാരികൾക്കു മാത്രമല്ലപ്രദേശവാസികൾക്കും അപകടക്കെണിയൊരുക്കുകയാണ്. നിരവധി ബീച്ച് റിസോർട്ടുകളും ത്രീസ്റ്റാർ ഹോട്ടലുകളും ഇവിടെ റോഡരികിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെക്ക് വരുന്ന വിനോദസഞ്ചാരികൾ കടലിൽ കുളിക്കാനിറങ്ങുമ്പോൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഭാഗ്യം കൊണ്ടുമാത്രമാണ് പലരും രക്ഷപ്പെടുന്നത്.