അടൂർ: മറ്റൊരു വാഹനം മറി കടന്ന് വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ച് 11 പേർക്ക് പരുക്ക്. എംസി റോഡിൽ മിത്രപുരത്തിന് സമീപം ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ആരുടേയും പരുക്ക് ഗുരുതരമല്ല. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ കവിയൂർ സ്വദേശി ബ്രിജേഷ് (44), യാത്രക്കാരായ പത്തനാപുരം സ്വദേശിഅനിൽകുമാർ (58), പുലിയൂർ സ്വദേശി ജോസ് (40), പുനലൂർ സ്വദേശി ബിജി ജോൺ (51), മല്ലപ്പള്ളി എം.ജെ. മൻസിൽ നിഷ (43), തൃശൂർ കുരിയച്ചിറ സ്വദേശി റപ്പായി (60), പറന്തൽ സ്വദേശിനി ശോശാമ്മ ഡാനിയേൽ (57) ലോറിയിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശി വൈഭവ് (30) എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസിലുണ്ടായിരുന്ന കൊട്ടാരക്കര സ്വദേശികളായ കണ്ണൻ (50), ഇവാൻ (19), ആലുവ മഞ്ഞാടിയിൽ അശ്വിൻ (21) എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഡ്രൈവർ സീറ്റ് ഭാഗം പൂർണമായും ഇളകിപ്പോയി. ഓടിക്കൂടിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കൊട്ടാരക്കരയിൽ നിന്നും കോട്ടയത്തേക്ക് പോയ തിരുവല്ല ഡിപ്പോയിലെ ബസും ഗുജറാത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ചരക്കുമായി പോയ ടോറസ് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.