കണ്ണൂർ : കനത്ത മഴയിൽ കണ്ണൂരിൽ വാഹനാപകടം. ശ്രീകണ്ഠാപുരം - തളിപ്പറമ്പ് ഹൈവേയിൽ പരിപ്പായിയിലാണ് വാഹനാപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കോൺക്രീറ്റ് കുറ്റിയിൽ ഇടിച്ച് തലകീഴായ് മറിഞ്ഞു.

ജീപ്പിലുണ്ടായിരുന്ന മൂന്ന് യുവാക്കൾക്ക് പരുക്കേറ്റു. നാട്ടുകാരും പൊലിസും ചേർന്ന് പരിക്കേറ്റവരെ ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്‌ച്ച വൈകുന്നേരമാണ് അപകടം. അപകട സമയത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. തളിപ്പറമ്പ് ഭാഗത്തു നിന്നും ശ്രീകണ്ഠാപുരത്തേക്ക് വരവേയാണ് ജീപ്പ് അപകടത്തിൽപ്പെട്ടത്.

ശ്രീകണ്ഠാപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. നാട്ടുകാരും പൊലീസും ചേർന്നാണ് തകർന്ന ജീപ്പിൽ നിന്നും ആളുകളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.