കണ്ണൂർ: കൂത്തുപറമ്പ് നഗരത്തിനടുത്തെ ആറാം മൈലിൽ ഓട്ടോയ്ക്ക് തീ പിടിച്ച് രണ്ട് മരണം. ആറാംമൈലിൽ ബസിടിച്ചാണ് ഓട്ടോയ്ക്ക് തീപിടിച്ചത്‌. വെള്ളിയാഴ്‌ച്ച രാത്രിയായിരുന്നു അപകടം.

ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. ഇരുവരും പാനൂർ സ്വദേശികളാണെന്നാണ് വിവരം. രാത്രി എട്ടരയോടെയാണ് ദാരുണമായ അപകടമുണ്ടായത്. സിഎൻജി ഓട്ടോയും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് മറിഞ്ഞ ഓട്ടോയിൽ തൽക്ഷണം തീപടർന്നു.

വൻതോതിൽ തീപടർന്നതോടെ ഡ്രൈവറും യാത്രക്കാരനും ഓട്ടോയിൽ കുടുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം.

സംഭവസ്ഥലത്ത് തന്നെ ഒരാൾ മരണപെട്ടു. മറ്റൊരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. മരിച്ചവർ ആരെന്നു ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് അറിയിച്ചു. തീ ആളിക്കത്തിയോടെ ദൃക്സാക്ഷികൾക്കും സമീപത്തേക്ക് അടുക്കാനോ തീ അണയ്ക്കാനോ സാധിച്ചില്ല. കൂത്തുപറമ്പിൽ നിന്നും ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു. മൃതദേഹങ്ങൾ തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കണ്ണൂരിനെ നടുക്കിയ അപകടമാണ് നടന്നത്. മാസങ്ങൾക്കു മുൻപ് കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപത്തു നിന്നും കാറിന് തീപിടിച്ചു ദമ്പതികളായ രണ്ടു പേർ വെന്തുമരിച്ചിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറും മുൻപെയാണ് മറ്റൊരു അപകടം കൂടി നടന്നത്. സ്ഥലത്ത് പൊലിസും ഫയർഫോഴ്സും ക്യാംപ് ചെയ്യുന്നുണ്ട്. അപകടത്തെതുടർന്ന് ഈ റൂട്ടിൽ വാഹനഗതാഗതം മുടങ്ങി.

തീപിടിത്തത്തിൽ ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ബസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിലെ ഇന്ധനം ചോർന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. കൂടുതൽ പരിശോധനക്കുശേഷമെ അപകടകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.