- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയിൽ നിന്ന് പാൽ വാങ്ങി കാറിലേക്ക് കയറിയ ഉടൻ അരികിലൂടെ വന്ന തടി ലോറി മുകളിലേക്ക് മറിഞ്ഞു; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിൽ യാത്രികനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി
കോട്ടയം: ഒരു മണിക്കൂറിലധികം തടി ലോറിക്കടിയിൽ കുടുങ്ങിയ കാർയാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിൽ തടിലോറിക്കടിയിൽ അകപ്പെട്ട കാഞ്ഞിരപ്പള്ളി കൊടുവന്താനം ശാന്തിനഗർ കൊല്ലപുരയിടം നജീബാണ്(55) അത്ഭുതകരമായി രക്ഷപ്പെട്ടത്. നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്കു തടിലോറി മറിഞ്ഞാണ് അപകടം ഉണ്ടായത്.
രാത്രി എട്ടോടെ കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിലായിരുന്നു അപകടം. ആക്രിക്കട നടത്തുന്ന നജീബ് വീട്ടിലേക്കു പോകുന്ന വഴി കടയിൽ നിന്ന് പാൽ വാങ്ങി കാറിലേക്കു കയറിയ ഉടനെയാണ്, ഈരാറ്റുപേട്ട ഭാഗത്തേക്കു പോവുകയായിരുന്ന ലോറി കാറിനു മുകളിലേക്കു മറിഞ്ഞത്. കാർ പൂർണമായി ലോറിക്കടിയിലായി.
ഫയർഫോഴ്‌സ് എത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടർന്ന് കയർപൊട്ടിച്ച് തടികൾ എടുത്ത് മാറ്റി ലോറി ഉയർത്തുകയും കാറിന് മുകളിൽ ഉണ്ടായിരുന്ന തടികൾ എടുത്ത് മാറ്റുകയുമായിരുന്നു. കാറിന്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നജീബിനെ പുറത്തെടുക്കാനായത്.
പരുക്കേറ്റ നജീബിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.