അടൂർ: എം സി റോഡിൽ ഏനാത്ത് കാറുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു.10 ദിവസം പ്രായമായ കുഞ്ഞടക്കം നാല് പേർക്ക് പരുക്ക്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ ഏനാത്ത് എംജി ജങ്ഷന് സമീപം ഹുണ്ടായ് ഷോറുമിനടുത്താണ് അപകടം. കുന്നിക്കോട് ശ്രീശൈലം വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ഗോപിക (27) ആണ് മരിച്ചത്. രഞ്ജിത്ത് (38), പിതാവ് രാധാകൃഷ്ണൻ (57), ഗോപികയുടെ അമ്മ രാധാമണി (54), 10 ദിവസം പ്രായമായ കുഞ്ഞ് എന്നിവർക്കാണ് പരുക്ക്.

പരിക്കേറ്റവരെ ചെങ്ങന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.അസുഖ ബാധിതനായ കുഞ്ഞിനെ അടുരിലെ ലൈഫ് ലൈൻ ഹോസ്പിറ്റലിൽ കൊണ്ടുപോയി കാണിച്ച ശേഷം മടങ്ങി വരികയായിരുന്ന ഗോപികയും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി റിറ്റ്സ് കാർ എതിരെ വന്ന ഹോണ്ട സിറ്റി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹോണ്ട സിറ്റി കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് നിസാര പരിക്കുണ്ട്. നാട്ടുകാരും പൊലീസും ചേർന്ന് കാർ വെട്ടി പ്പൊളിച്ചാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.