- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവ് നായ ഓട്ടോയ്ക്ക് കുറുകെ ചാടി; നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനൊന്നുകാരിക്ക് ദാരുണാന്ത്യം; ആറാം ക്ലാസുകാരിയുടെ മരണം അച്ഛനമ്മമാരുടെ കണ്മുന്നില് വച്ച്
ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനൊന്നുകാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കടക്കാവൂരില്‍ തെരുവുനായ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. കായിക്കര ഏറത്ത് പടിഞ്ഞാറ്റു വീട്ടില്‍ ജോണ്‍ പോളിന്റെയും പ്രബിന്ധ്യയുടെയും മകള്‍ സഖി (11) ആണ് മരിച്ചത്. കടയ്ക്കാവൂര്‍ എസ്.എസ്. പി.ബി.എച്ച്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു സഖി.
സ്‌കൂളിലെ പിടിഎ മീറ്റിങ്ങിനു ശേഷം പിതാവ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍ അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജിനടുത്തുള്ള പ്രഭാത് ജംഗ്ഷന് സമീപത്ത് വെച്ച് തെരുവുനായ ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ റോഡിലേക്ക് മറിഞ്ഞു.
അപകടത്തില്‍ ഓട്ടോ ഓടിച്ചിരുന്ന ജോണ്‍ പോളിനും ഭാര്യ പ്രബിന്ധ്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. അമ്മ പ്രബിന്ധ്യയ്ക്ക് നട്ടെല്ലിനും, ഓട്ടോറിക്ഷയിലുണ്ടായിരുന്ന മാമ്പള്ളി സ്വദേശിനിയായ മറ്റൊരു യാത്രക്കാരിക്ക് തോളെല്ലിനും ഗുരുതര പരിക്കേറ്റതായാണ് വിവരം. ഇവരെ കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട കുട്ടിയെ ഉടന്‍ തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നടപടിക്രമങ്ങള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.