കോട്ടയം: വൈക്കത്ത് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പൂത്തോട്ടയിലെ കോളേജിലേക്ക് പോകുകയായിരുന്ന വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

ഒരു വാഹനത്തിൻ്റെ പിന്നിൽ ബൈക്ക് ഇടിച്ചതാണ് അപകടത്തിൻ്റെ തുടക്കമെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇർഫാന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

അപകടം നടന്നയുടൻ നാട്ടുകാർ ഓടിയെത്തി ഇർഫാനെ ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിഎസ്‌സി സൈബർ ഫോറൻസിക് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഇർഫാൻ. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ ദാരുണ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി.