മലപ്പുറം: വിൽപനയ്ക്കായി സൂക്ഷിച്ച 4 ഗ്രാം മെത്താഫെറ്റാമിനും ഒരു ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് നിലമ്പൂർ പോലീസിന്റെയും ഡാൻസാഫ് ടീമിന്റെയും പിടിയിലായി. പുള്ളിപ്പാടം ഓടായിക്കൽ മേത്തലയിൽ സുഹൈബ് (32) ആണ് അറസ്റ്റിലായത്.

നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇയാൾ കാറിലെത്തി ലഹരിക്കടത്ത് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ശനിയാഴ്ച ഉച്ചയോടെ ഓടായിക്കലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകൾ കണ്ടെത്തിയത്.

ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്താഫെറ്റാമിൻ വിൽപന നടത്തിയിരുന്നത്. ഇക്കഴിഞ്ഞ മാസം ബീമ്പുങ്ങലിൽ വെച്ച് രണ്ട് ഗ്രാം മെത്താഫെറ്റാമിനുമായി മമ്പാട് സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് സുഹൈബിനെ നിരീക്ഷിച്ചു വരികയായിരുന്നു. ഈ ലഹരിക്കടത്ത് സംഘത്തിലെ മറ്റൊരാൾ എയർപോർട്ട് വഴി ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് പിടിയിലായി ഖത്തർ ജയിലിൽ കഴിയുകയാണ്.