തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ യുവാവിനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. മുല്ലൂർ സ്വദേശി സഞ്ജുവിനെ ആക്രമിച്ച കേസിലാണ് സമീപവാസിയായ വാറുതട്ടുവിള വീട്ടിൽ കിച്ചു കുമാർ (29) പിടിയിലായത്.

പ്രതി മുൻപ് സഞ്ജുവിനെതിരെ കേസ് നൽകിയതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. കിച്ചു കുമാർ വിഴിഞ്ഞം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പോലീസ് വ്യക്തമാക്കി.

ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ ഇയാൾ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.