കരുനാഗപ്പള്ളി: ഓണക്കാല വിപണനത്തിനായി എത്തിച്ച എം.ഡി.എം.എ.യുമായി യുവാവ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. കൊച്ചിയിൽ നിന്ന് ലഹരിമരുന്നുമായി വരുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നടപടി.

ആദിനാട് പുണിക്കുളം ഷീജ മൻസിൽ മുഹമ്മദ് റാഫി (25) ആണ് പിടിയിലായത്. 54 ഗ്രാം എം.ഡി.എം.എ. ഇയാളിൽ നിന്ന് കണ്ടെടുത്തു. മൊബൈൽ ഫോൺ കടയുടെ മറവിലാണ് ഇയാൾ ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി കിരൺ നാരായണന് ലഭിച്ച വിവരത്തെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. കരുനാഗപ്പള്ളി എ.എസ്.പി. അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ബിജു, എസ്.ഐ. അനിൽകുമാർ, എ.എസ്.ഐ. സീമ, സി.പി.ഒ. സജീർ എന്നിവരും ഡാൻസാഫ് എസ്.ഐ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.