ചേർത്തല: എഴുപുന്നയിലെ ഒരു ബാറിൽ അതിക്രമം നടത്തി ജീവനക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. എഴുപുന്ന തെക്ക് അയ്യനാട്ടുപറമ്പിൽ അജേഷ് (45) ആണ് പോലീസ് പിടിയിലായത്. ഉത്രാട ദിവസമാണ് സംഭവം നടന്നത്.

ബാറിൽ എത്തിയ അജേഷ്, സോഡ ആവശ്യപ്പെട്ടതിനെച്ചൊല്ലി ജീവനക്കാരനുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന്, തന്റെ അരയിൽ നിന്ന് കത്തിയെടുത്ത് ജീവനക്കാരനെ കുത്താൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. ഭാഗ്യത്തിന് ജീവനക്കാരൻ ഒഴിഞ്ഞു മാറിയതിനാൽ അപകടം ഒഴിവായി.

അജേഷ് പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും ഇയാൾക്കെതിരെ ഇതിനോടകം പതിനാലോളം കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.