തൃശൂർ: തിരുവോണത്തലേന്ന് മദ്യലഹരിയിൽ സുഹൃത്തിനെ മുളവടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൃശൂർ ചെന്ത്രാപ്പിന്നി എടത്തിരുത്തി മുനയം ദ്വീപിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. മുനയം സ്വദേശി കോഴിപ്പറമ്പിൽ പ്രണവ് (34) ആണ് പിടിയിലായത്.

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രണവ്, മുനയം സ്വദേശിയായ കോലോത്തുംകാട്ടിൽ ബാലുവിനെ (28) ആണ് ക്രൂരമായി മർദ്ദിച്ചത്. തലയിലും നെറ്റിയിലും ചെവിയിലും വയറിലും പരിക്കേറ്റ ബാലുവിന് എട്ട് തുന്നലുകൾ ഇടേണ്ടി വന്നു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഈ സംഭവത്തിൽ, പ്രതിയായ പ്രണവ് വധശ്രമം ഉൾപ്പെടെ 27 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ്എച്ച്‌ഒ ആർ. ബിജു, എസ്ഐ ടി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.