തൃശൂർ: പെരിഞ്ഞനത്ത് നിന്ന് രണ്ട് കാറുകൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കയ്പമംഗലം ഇജാസ് (ഡുഡു -27), മതിലകം കൂളിമുട്ടം എമ്മാട് സ്വദേശി ഹാരിസ് (25) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 15ന് പുലർച്ചെയാണ് ഇവർ പെരിഞ്ഞനത്ത് നിന്ന് കാറുകൾ മോഷ്ടിച്ചത്. മൂന്നുപീടിക സ്വദേശി മുഹമ്മദ് അനസിൻ്റെ പറമ്പിൽ പാർക്ക് ചെയ്തിരുന്ന ആറ് ലക്ഷം രൂപ വിലവരുന്ന മാരുതി സ്വിഫ്റ്റ് കാറും 11 ലക്ഷം രൂപ വിലവരുന്ന മാരുതി എർട്ടിഗ കാറുമാണ് മോഷ്ടിക്കപ്പെട്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ, മോഷ്ടിച്ച കാറുകളുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളിലൊരാളായ ഇജാസ്, കയ്പമംഗലം, മതിലകം, വടക്കേക്കാട് പോലീസ് സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ 21 കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.