തിരുവനന്തപുരം: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 49 കുപ്പി ഗോവൻ മദ്യവുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശി ബാബു (44) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

കുറക്കടയിൽ വെച്ച് സ്കൂട്ടറിൽ ഗോവൻ മദ്യവുമായി പോകുകയായിരുന്ന ബാബുവിനെ എക്സൈസ് ഇൻസ്പെക്ടർ രചനയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു പരിശോധിക്കുകയായിരുന്നു. ഇയാളുടെ സ്കൂട്ടറിലും വീട്ടിലും നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 36.75 ലിറ്റർ ഗോവൻ മദ്യവും മദ്യവിൽപ്പനയിലൂടെ ലഭിച്ച പണവും കണ്ടെടുത്തു.

നേരത്തെയും വാറ്റുചാരായം വിൽപ്പന നടത്തിയതിന് ഇയാൾക്കെതിരെ പോലീസ് നടപടി എടുത്തിട്ടുണ്ട്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻഡ് ചെയ്തു. ഗോവൻ മദ്യം എത്തിച്ചു നൽകിയ മറ്റൊരാളെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു.