പാലക്കാട്: അട്ടപ്പാടിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ട് ലിറ്റർ ചാരായവുമായി യുവാവ് അറസ്റ്റിലായി. നെല്ലിപ്പതി സ്വദേശി പരമശിവനെയാണ് (30) അഗളി എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ ഭാര്യയുടെ വീട്ടിലെ അടുക്കളയിൽ നിന്നാണ് ചാരായം കണ്ടെടുത്തത്.

അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റിവ് ഓഫീസർ ജെ.ആർ. അജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ചാളയൂരിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ 1.800 ലിറ്റർ ചാരായം കണ്ടെടുത്തു. സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്.ആർ, അംബിക എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

പരമശിവനെതിരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. അട്ടപ്പാടി മേഖലയിൽ ചാരായം ഉത്പാദനത്തിനും വിതരണത്തിനും എതിരെ എക്സൈസ് ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്.