സുൽത്താൻ ബത്തേരി: റിസോർട്ടിൽ അതിക്രമിച്ച് കയറി ജീവനക്കാരനെയും സുഹൃത്തിനെയും കമ്പി വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ. പുത്തൻകുന്ന്, തെക്കുംകാട്ടിൽ വീട്ടിൽ ടി. നിഥുൻ (35), ദൊട്ടപ്പൻകുളം നൂ൪മഹൽ വീട്ടിൽ മുഹമദ് ജറീർ (32), കടൽമാട് കൊച്ചുപുരക്കൽ വീട്ടിൽ അബിൻ കെ. ബവാസ് (32), ചുളളിയോട് പനച്ചമൂട്ടിൽ വീട്ടിൽ പി. അജിൻ ബേബി (32) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ 22ന് രാത്രിയാണ് സംഭവം നടന്നത്. പൂതിക്കാടുള്ള ഒരു റിസോർട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ ജീവനക്കാരനെയും സുഹൃത്തിനെയും കൈകൊണ്ടും കമ്പി വടി ഉപയോഗിച്ചും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. റിസോർട്ടിന് വ്യാപകമായ നാശനഷ്ടങ്ങളും വരുത്തി.

പ്രതികളിൽ അബിൻ ഒഴികെയുള്ള മൂന്ന് പേർക്ക് മുൻപും ക്രിമിനൽ കേസുകളിൽ ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. നാശനഷ്ടം വരുത്തൽ, ആയുധമുപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.