പുന്നപ്ര: ക്ഷേത്രദർശനത്തിന് പോയ മുൻ സൈനികൻ്റെ ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ചയാളെ പുന്നപ്ര പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. ആറൻമുള സ്വദേശി മുരളീകൃഷ്ണനാണ് പിടിയിലായത്.

ഇന്നലെ പുലർച്ചെ 5.15ന് പുന്നപ്ര ചന്തയ്ക്ക് വടക്കുഭാഗത്തുള്ള മാർ ഗ്രിഗോറിയസ് കൺവെൻഷൻ സെന്ററിന് മുന്നിൽ വെച്ചാണ് സംഭവം നടന്നത്. പായിപ്പാട് സ്വദേശിയായ സജിയുടെ 30,000 രൂപ വിലമതിക്കുന്ന ചുവപ്പ് നിറത്തിലുള്ള ഹീറോ പാഷൻ പ്ലസ് ബൈക്കും (KL-29 A-5407), 13,000 രൂപയുടെ റെഡ്മി മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്. സജി ക്ഷേത്രദർശനത്തിനായി പോയ സമയത്തായിരുന്നു മോഷണം.

സംഭവമറിഞ്ഞയുടൻ പുന്നപ്ര എസ്എച്ച്ഒ മഞ്ജുദാസിൻ്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർമാരായ അരുൺ, അബ്ദുൽ സത്താർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ്, അബൂബക്കർ സിദ്ദീഖ്, അമർ ജ്യോതി, അനീഷ് കുമാർ എന്നിവരടങ്ങിയ സംഘം അന്വേഷണം ആരംഭിച്ചു. പ്രതിയെ മണിക്കൂറുകൾക്കകം കണ്ടെത്താൻ പൊലീസിന് സാധിച്ചു. മോഷണം പോയ ബൈക്കും ഫോണും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.