കൊച്ചി: ഡോക്ടർമാരുടെ പേരെഴുതിയ സ്റ്റിക്കർ പതിച്ച കാറിലെത്തിച്ച 45 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ പിടിയിൽ. എറണാകുളം കാലടി മാണിക്കമംഗലത്ത് വച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. കഞ്ചാവ് കടത്ത് തടയാനെത്തിയ പോലീസിനെ കബളിപ്പിക്കാനാണ് വാഹനത്തിൽ ഇത്തരം സ്റ്റിക്കറുകൾ പതിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.

പശ്ചിമബംഗാൾ സ്വദേശികളായ റഫീക്കുൽ ഇസ്ളാം, സാഹിൽ മണ്ഡൽ, അബ്ദുൾ കുദ്ദൂസ് എന്നിവരാണ് അറസ്റ്റിലായത്. ഒഡീഷയിൽ നിന്ന് വാടകയ്ക്കെടുത്ത കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്. വാഹനത്തിന്റെ സീറ്റിനടിയിൽ രഹസ്യ അറകൾ നിർമ്മിച്ച് കഞ്ചാവ് സൂക്ഷിച്ച നിലയിലായിരുന്നു.

പെരുമ്പാവൂർ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഹാർദ്ദിക് മീണയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് കടത്തിന് പിന്നിൽ വലിയ സംഘമുണ്ടോയെന്നും ഇവരുടെ വിതരണ ശൃംഖലയെക്കുറിച്ചും കൂടുതൽ അന്വേഷണം നടക്കുകയാണ്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.