തൃശൂർ: വാടാനപ്പള്ളിയിൽ കാർ ഡ്രൈവറെ മർദ്ദിക്കുകയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 46 കേസുകളിൽ പ്രതിയായയാളെയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ സ്വദേശി ഹരീഷ് (50), എറണാകുളം മുളംതുരുത്തി സ്വദേശി ജിത്തു (29) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ശനിയാഴ്ച വൈകീട്ട് 3.10 ഓടെ വാടാനപ്പള്ളി ചിലങ്ക ജംഗ്ഷനിലാണ് സംഭവം നടന്നത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന ഹരീഷിനെതിരെ അമിതവേഗതയിൽ കാർ ഓടിച്ചെത്തിയ ഡ്രൈവറുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ രോഷാകുലനായ ഹരീഷ് കാർ ഡ്രൈവറെ മുഖത്തടിക്കുകയും തുടർന്ന് കൈയ്യിലുണ്ടായിരുന്ന വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതിനുശേഷം ഇരുവരും കാറിൽ രക്ഷപ്പെട്ടു.

വാഹനത്തിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മതിലകം സ്റ്റേഷൻ പരിധിയിലെ മതിൽമൂലയിൽ വെച്ച് പൊലീസ് ഇവരുടെ വാഹനം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്ന് വടിവാളടക്കം മറ്റു ആയുധങ്ങളും കണ്ടെടുത്തു.

ഹരീഷിനെതിരെ കാട്ടൂർ, വലപ്പാട്, ചേർപ്പ്, വാടാനപ്പള്ളി, മതിലകം, അന്തിക്കാട്, ഒല്ലൂർ, പാലാരിവട്ടം, ചേരാനെല്ലൂർ എന്നീ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, കവർച്ച, വധശ്രമം, അടിപിടി, സ്ഫോടക വസ്തു കൈവശം വെക്കൽ, മയക്കുമരുന്ന് വിൽപ്പന എന്നീ കുറ്റങ്ങളിലായി 46 കേസുകൾ നിലവിലുണ്ട്.