തിരുവനന്തപുരം: അരുവിക്കരയ്ക്ക് സമീപത്തെ കട കുത്തിത്തുറന്ന് 5,000 രൂപയും 25 പാക്കറ്റ് സിഗരറ്റും മോഷ്ടിച്ച പ്രതിയെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. വെമ്പന്നൂർ അയണിക്കോണം കട്ടച്ചാൽ ചിറയിൽ മോനിച്ചൻ (40) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 12.45 ഓടെയാണ് വെമ്പന്നൂർ വിനായക സ്റ്റോർ ഇയാൾ കുത്തിത്തുറന്നത്.

കടയുടമയുടെ പരാതിയെത്തുടർന്ന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് മോനിച്ചനെ വീട്ടിൽ നിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.