ഷൊർണൂർ: കുളപ്പുള്ളി ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച് വിറ്റ സംഭവത്തിൽ പൊളി മാർക്കറ്റ് ഉടമ ഉൾപ്പെടെ മൂന്നുപേരെ ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 25ന് രാത്രിയാണ് കവർച്ച നടന്നത്. വല്ലപ്പുഴ കുറുവട്ടൂർ സ്വദേശിയായ മുഹമ്മദ് മുസ്തഫയുടെ 25,000 രൂപ വില വരുന്ന ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്കാണ് മോഷണം പോയത്.

പോലീസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്, ബൈക്ക് മോഷ്ടാക്കൾ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ഒന്നാം പ്രതി വല്ലപ്പുഴ വലിയപറമ്പിൽ മുഹമ്മദ് യൂനസ് (28), രണ്ടാം പ്രതി നെല്ലായ വള്ളിക്കാട്ട് തൊടി വീട്ടിൽ ഷാഹുൽ ഹമീദ് (28) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ബൈക്ക് മോഷ്ടിച്ചതായി സമ്മതിച്ചത്.

തുടർന്ന്, പട്ടാമ്പി മഞ്ഞളുങ്ങൽ തളി ക്ഷേത്രത്തിന് സമീപമുള്ള പൊളി മാർക്കറ്റിൽ വെച്ച് വാഹനം പൊളിച്ചു വിറ്റതായും പ്രതികൾ സമ്മതിച്ചു. ഈ പൊളി മാർക്കറ്റ് ഉടമയായ ഓങ്ങല്ലൂർ കൊണ്ടൂർക്കര വരമംഗലത്ത് വീട്ടിൽ ആഷിർ (29) ആണ് മൂന്നാം പ്രതി. നിയമപരമായ രേഖകളില്ലാതെയാണ് ഇയാൾ വാഹനം വാങ്ങി പൊളിച്ചു വിറ്റതെന്ന് പോലീസ് കണ്ടെത്തി.