തിരൂർ: വാട്സ്ആപ്പ് വഴി ആവശ്യക്കാരെ വിളിച്ച് വരുത്തി കഞ്ചാവ് വിൽപ്പന നടത്തിയ സംഭവത്തിൽ 56കാരൻ തിരൂർ പൊലീസിന്റെ പിടിയിൽ. അരിക്കാഞ്ചിറ സ്വദേശി അബ്ദുൽ റസാഖിനെയാണ് (56) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബിപി അങ്ങാടിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

തിരൂർ സ്റ്റേഷൻ പരിധിയിൽ ലഹരി വിൽപ്പന വ്യാപകമായതിനെ തുടർന്ന് തിരൂർ സി.ഐ. മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പ്രതിയുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു. വാട്സ്ആപ്പ് വഴി ഇടപാടുകാരെ ബന്ധപ്പെട്ട് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിരവധി പേർ കഞ്ചാവ് ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയക്കുകയും വിളിക്കുകയും ചെയ്തതായി കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. തിരൂർ സി.ഐ. മുഹമ്മദ് റഫീക്ക്, എസ്.ഐ. സുജിത്ത്, നിർമൽ, സീനിയർ സി.പി.ഒ. സുജിത്ത്, സി.പി.ഒ.മാരായ ടോണി, ശ്രീജേഷ് ബാൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ലഹരിക്കെതിരെയുള്ള പൊലീസ് പരിശോധനകൾ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.