- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുട്ടിൽ പതുങ്ങി വന്ന് വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു; പ്രതിയെ കണ്ട് വീട്ടുകാർക്ക് ഞെട്ടൽ; അറസ്റ്റ് ചെയ്ത് പോലീസ്
തൃശ്ശൂർ: അയൽവാസിയായ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസിൽ 20-കാരൻ അറസ്റ്റിൽ. പുത്തൻചിറ സ്വദേശി ചോമാട്ടിൽ വീട്ടിൽ ആദിത്ത് (20) ആണ് മാള പൊലീസിന്റെ പിടിയിലായത്. സെപ്റ്റംബർ 25ന് വൈകീട്ട് 7.15ന് മാള കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീയുടെ (77) വീട്ടിലാണ് സംഭവം നടന്നത്.
പ്രതിയായ ആദിത്ത്, അയൽവാസിയും വിരമിച്ച അധ്യാപികയുമായ ജയശ്രീയുടെ വീട്ടിലെ അടുക്കളയിലൂടെ അതിക്രമിച്ച് കയറി അവരുടെ വായും മൂക്കും പൊത്തിപ്പിടിച്ച് കഴുത്തിലുണ്ടായിരുന്ന ആറര പവൻ തൂക്കം വരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. ടീച്ചറുടെ മക്കൾ ദൂരത്തുള്ളതും ഭർത്താവിന് പ്രായക്കൂടുതൽ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുമുള്ളതുകൊണ്ടുമാണ് ടീച്ചറെ ആക്രമിക്കാൻ പ്രതി തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിനു ശേഷം മാള പൊലീസ് ഇൻസ്പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ പുത്തൻചിറയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ കുടുംബവും ടീച്ചറുടെ കുടുംബവുമായി നല്ല അടുപ്പത്തിലായിരുന്നു. പഠന കാര്യങ്ങൾക്കായി ടീച്ചർ പ്രതിക്ക് സഹായങ്ങൾ നൽകാറുണ്ടായിരുന്നു.
പ്രതി കവർച്ച ചെയ്ത സ്വർണ്ണമാല മലപ്പുറം തിരൂരങ്ങാടിയിലെ ഒരു ജുവല്ലറിയിൽ 4.5 ലക്ഷം രൂപക്ക് വിൽപന നടത്തിയതായി പൊലീസ് കണ്ടെത്തി. സ്വർണ്ണമാല ഉരുക്കി സ്വർണ്ണക്കട്ടയാക്കിയതും പൊലീസ് കസ്റ്റഡിയിലെടുത്തു. ഓൺലൈൻ ട്രേഡിംഗിൽ സംഭവിച്ച കടബാധ്യത വീട്ടാനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.