തിരുവനന്തപുരം: മണ്ണന്തലക്ക് സമീപം രണ്ട് വീടുകളിൽ നിന്ന് ഏകദേശം 25 പവനോളം സ്വർണം കവർന്ന കേസിൽ പ്രതിയെ മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി പാലവിളൈ പുതുവാൾ പുതിയവീട്ടിൽ സെൽവരാജ് (47) ആണ് പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച മണ്ണന്തല ഓടയിൽ കോണം സ്വദേശി ശ്രീകുമാറിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി 15 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. തൊട്ടടുത്ത ദിവസം സമീപത്തെ ഓടയിൽ കോണം പറപ്പള്ളി വീട്ടിൽ ജോസിൻ്റെ വീട്ടിൽ നിന്നും 10 പവൻ സ്വർണം കവർന്നു. അടച്ചിട്ടിരുന്ന വീടുകളാണ് കവർച്ചയ്ക്ക് വിധേയമായത്.

പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സെൽവരാജ് വലയിലായത്. ശ്രീകുമാറിൻ്റെ വീടിനടുത്തുള്ള നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ കേസിൽ നിർണായകമായി. മോഷ്ടാവിൻ്റെ സഹായം തേടിയവരുടെ വിവരങ്ങൾ ശേഖരിച്ച് അവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. ഇവരിൽ നിന്ന് മോഷ്ടിച്ച സ്വർണത്തിൽ ഒരു ഭാഗം പോലീസ് കണ്ടെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.