- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവന്റെ നിഴൽ പോലും അറിയാതെ പിന്തുടർന്നു; മാസങ്ങൾ നീണ്ട നിരീക്ഷണത്തിൽ കൈയ്യോടെ പൊക്കി; വീട്ടിലെ മുറിയിൽ മുഴുവൻ ലഹരി മയം; കൂടാതെ ലൈസൻസില്ലാതെ സൂക്ഷിച്ച പടക്കങ്ങളും; അറസ്റ്റ്
ആലപ്പുഴ: ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രധാന ലഹരിമരുന്ന് വ്യാപാരി ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പടക്കങ്ങളുടെയും ലഹരി വസ്തുക്കളുടെയും ശേഖരവുമായി ആലപ്പുഴയിൽ അറസ്റ്റിലായി. ഹരിപ്പാട് പള്ളിപ്പാട് തെക്കേതിൽ പുത്തൻത്തറ വീട്ടിൽ രഞ്ജിത്ത് (33) ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും ഹരിപ്പാട് പോലീസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.
പ്രതിയുടെ വീട്ടിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3.7 ഗ്രാം എം.ഡി.എം.എ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ, ലൈസൻസില്ലാതെ സൂക്ഷിച്ച ദീപാവലി പടക്കങ്ങൾ എന്നിവ പിടിച്ചെടുത്തു. ജില്ലയിലെ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ ലഹരി വ്യാപാരം സംബന്ധിച്ച് പോലീസ് മാസങ്ങളായി നടത്തിവന്ന നിരീക്ഷണത്തിനൊടുവിലാണ് ഈ നിർണായക അറസ്റ്റ്.
ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് നീക്കം നടത്തിയത്. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കായംകുളം ഡിവൈ.എസ്.പി. ബിനുകുമാർ ടിയുടെ നേതൃത്വത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. ജോബിൻ എന്നിവരടങ്ങുന്ന പോലീസ് സംഘവുമാണ് പ്രതിയെ പിടികൂടിയത്.
എൻ.ഡി.പി.എസ്. കേസുകളിലും പ്രതിയായ രഞ്ജിത്ത്, എളുപ്പത്തിൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതെന്ന് പോലീസ് അറിയിച്ചു. പിടിച്ചെടുത്ത പടക്കങ്ങൾക്ക് ദീപാവലി വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുമെന്നും അധികൃതർ വ്യക്തമാക്കി.