മലപ്പുറം: പോത്തുകല്ലിൽ ഹോട്ടൽ ഉടമയെയും കുടുംബത്തെയും സഞ്ചരിച്ചുകൊണ്ടിരുന്ന കാറിന് നേരെ ആക്രമണം നടത്തി പണം കവർന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. എടക്കര ചാത്തമുണ്ട സ്വദേശി ഉബൈദുല്ല (23), പോത്തുകല്ല് കുട്ടൻകുളംകുന്ന് സ്വദേശി അരുൺജിത്ത് (23) എന്നിവരെയാണ് പോത്തുകല്ല് ഇൻസ്‌പെക്ടർ സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹസ്യവിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം നടന്നത്. പോത്തുകല്ല് പീപ്പിൾസ് വില്ലേജ് റോഡിൽ വെച്ച് ഹോട്ടൽ ഉടമയുടെ കുടുംബം സഞ്ചരിച്ചിരുന്ന കാർ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന്, 4500 രൂപയോളം ഇവരിൽനിന്ന് കവർന്നെടുക്കുകയും ചെയ്തു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ എസ്.ഐ. കെ. മനോജ്, എസ്.സി.പി.ഒ.മാരായ ഗീത, മുഹമ്മദ് കുട്ടി, സി.പി.ഒ.മാരായ ഷൈനി, വിപിൻ എന്നിവരും ഉൾപ്പെടുന്നു.

രണ്ട് വർഷത്തിനിടെ പോത്തുകല്ല്, വണ്ടൂർ സ്റ്റേഷനുകളിൽ ഒന്നാം പ്രതിയായ ഉബൈദുല്ലക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. തെളിവെടുപ്പിന് ശേഷം പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.