കൊല്ലം: സംസ്ഥാനത്ത് എക്സൈസ് നടത്തിയ വിവിധ റെയ്ഡുകളിൽ വിൽപ്പനക്കായി സൂക്ഷിച്ച ലഹരി വസ്തുക്കളുമായി മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ. കൊല്ലം കൊച്ചാലുംമൂട്, ഇടുക്കി ഉടുമ്പൻചോല, കായംകുളം എന്നിവിടങ്ങളിലാണ് റെയ്ഡുകൾ നടന്നത്.

കൊല്ലം കൊച്ചാലുംമൂട് നിന്ന് 34.78 ഗ്രാം ബ്രൗൺ ഷുഗറും 66 ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി ലാൽ ചൻ ബാട്സ (25) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലതീഷ്.എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രഘു.കെ.ജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

ഇടുക്കി ഉടുമ്പൻചോല ഖജനാപ്പാറ കരയിൽ നടത്തിയ പരിശോധനയിൽ 1.5 കിലോഗ്രാം കഞ്ചാവുമായി മധ്യപ്രദേശ് സ്വദേശി മനോജ്‌കുമാർ പിടിയിലായി. ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രമോദ്.എം.പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ.പി.ജി, കെ.എൻ.രാജൻ എന്നിവരടങ്ങിയ സംഘമാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.

അതേസമയം, കായംകുളം റെയിൽവേ സ്റ്റേഷനിൽ ഒന്നര കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശി സമിത് സൻസേത്ത് പിടിയിലായി. കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുസ്തഫയുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്.