മലപ്പുറം: ജില്ലയില്‍ അനധികൃത ചാരായം വാറ്റ് കേന്ദ്രങ്ങളില്‍ എക്‌സൈസ് വകുപ്പ് ശക്തമായ പരിശോധന തുടരുന്നു. ഇതിന്റെ ഭാഗമായി വെറ്റിലപ്പാറയിൽ റബര്‍ തോട്ടത്തില്‍ നിന്ന് 70 ലിറ്റര്‍ വാഷും ആറ് ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 64-കാരനായ എബ്രഹാം എന്ന ജോസിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

വെറ്റിലപ്പാറ പാപ്പാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വാറ്റ് കേന്ദ്രത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ. ജിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. റബര്‍ തോട്ടത്തില്‍ വാറ്റാനായി സൂക്ഷിച്ചിരുന്ന വാഷും, ഇതിനോടകം വാറ്റിയെടുത്ത ചാരായവും, വാറ്റിന് ഉപയോഗിച്ച ഉപകരണങ്ങളുമാണ് പിടിച്ചെടുത്തവയിലുള്ളത്.

പിടിയിലായ പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പ്രതിയെ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ. അബ്ദുള്‍ നാസര്‍, അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.ടി. ഹരീഷ് ബാബു, പി. ഷബീര്‍ അലി, കെ.സി. അബ്ദുറഹ്‌മാന്‍ എന്നിവരും പരിശോധനക്ക് നേതൃത്വം നല്‍കി. ലഹരി ഉപയോഗത്തിനും വില്‍പനയ്ക്കുമെതിരെ ശക്തമായ പരിശോധനകള്‍ തുടരുമെന്ന് മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.