കൽപറ്റ: നിയമാനുസൃതമായ അളവിൽ കൂടുതൽ വിദേശ മദ്യം ശേഖരിച്ചതിന് 27-കാരനായ യുവാവിനെ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തു. വി.പി. നിഖിൽ എന്നയാളാണ് പിടിയിലായത്. ചില്ലറ വിൽപ്പന ലക്ഷ്യമിട്ട് ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങിയ 11 ലിറ്റർ വിദേശ മദ്യമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് നിഖിൽ പിടിയിലായത്.

ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് 500 മില്ലിലിറ്റർ വീതമുള്ള 22 കുപ്പികളിലാക്കിയ വിദേശ മദ്യമാണ് പോലീസ് കണ്ടെടുത്തത്. സാധാരണക്കാരായ തൊഴിലാളികൾക്ക് ഉയർന്ന വിലയ്ക്ക് മദ്യവിൽപന നടത്താനാണ് പ്രതി ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു. അവധി ദിവസങ്ങളിലും മറ്റും ആവശ്യക്കാർക്ക് കരിഞ്ചന്തയിൽ മദ്യം എത്തിച്ച് ലാഭമുണ്ടാക്കാനായിരുന്നു ശ്രമം. ഇതിനായി ബെവ്കോയിൽ നിന്ന് കൈവശം വെക്കാവുന്നതിലധികം മദ്യം ഇയാൾ വാങ്ങിക്കൂട്ടിയതായി പോലീസ് അറിയിച്ചു.