കോഴിക്കോട്: ജോലി ചെയ്യുന്ന കൂൾബാറിൽ നിന്ന് സ്ഥിരമായി പണം മോഷ്ടിച്ച ജീവനക്കാരനെ ഉടമയുടെ തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടി. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി വാരക്കുന്നുമ്മൽ വീട്ടിൽ വി.കെ. സഞ്ജയനാണ് നല്ലളം പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ചെറുവണ്ണൂർ കുണ്ടായിത്തോടുള്ള സ്ഥാപനത്തിലാണ് സംഭവം.

കൂൾബാറിലെ ക്യാഷ് കൗണ്ടറിൽ നിന്ന് പല ദിവസങ്ങളിലായി പണം നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥാപനമുടമ നല്ലളം പോലീസിൽ പരാതി നൽകിയിരുന്നു. സ്ഥാപനത്തിൽ സി.സി.ടി.വി ക്യാമറകൾ ഇല്ലാത്തതിനാൽ പുറത്തുനിന്നുള്ളവരുടെ സഹായമില്ലാതെയാണ് മോഷണം നടക്കുന്നതെന്ന് പോലീസിന് ആദ്യഘട്ടത്തിൽ വ്യക്തമായി. തുടർന്ന്, മോഷണം കണ്ടെത്താനായി ഉടമ തന്റെ മൊബൈൽ ഫോൺ സ്ഥാപനത്തിൽ വീഡിയോ കോൾ മോഡിൽ ഓൺ ചെയ്തു വെക്കുകയായിരുന്നു.

ഈ നിരീക്ഷണത്തിലൂടെയാണ് ജീവനക്കാരനായ സഞ്ജയൻ സ്ഥാപനത്തിൽ നിന്ന് പണം മോഷ്ടിക്കുന്നത് ഉടമ നേരിട്ട് കണ്ടത്. തുടർന്ന്, നല്ലളം പോലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ ആനന്ദ്, ശൈലേന്ദ്രൻ, സി.പി.ഒ. സുബീഷ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ പിടികൂടി.