മലപ്പുറം: യുവാക്കളെ ജീപ്പ് ഇടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൂങ്ങോട് മഠത്തിൽപറമ്പ് വിഷ്ണുപ്രസാദ് (30) അറസ്റ്റിലായി. ഇയാൾക്കെതിരെ വധശ്രമത്തിനുൾപ്പെടെ കേസെടുത്തിട്ടുണ്ട്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിലാഷ് (28) വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി 10.30ന് തച്ചങ്ങോട് മരുതങ്ങിൽ വെച്ചാണ് സംഭവം. മദ്യലഹരിയിൽ വിഷ്ണുപ്രസാദ് കാറിൽ സഞ്ചരിക്കുകയായിരുന്നവരെ തടഞ്ഞുനിർത്തി പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. ഈ സമയം അതുവഴി ബൈക്കിൽ പോകുകയായിരുന്ന അഭിലാഷും സുഹൃത്ത് സിറാജുദ്ദീനും (30) ഇവരെ തടഞ്ഞുനിർത്തി യാത്രക്കാരെ സുരക്ഷിതമായി പോകാൻ സഹായിച്ചു. ഇത് വിഷ്ണുപ്രസാദിന് പ്രകോപനം സൃഷ്ടിച്ചു.

തുടർന്ന് ഇയാൾ തന്റെ ജീപ്പ് അഭിലാഷിന്റെയും സിറാജുദ്ദീന്റെയും ബൈക്കുകളിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഇതിൽ അഭിലാഷിന് തലക്കും കാലിനും പരിക്കേൽക്കുകയും ബൈക്ക് ഏകദേശം 200 മീറ്ററോളം റോഡിലൂടെ വലിച്ചിഴക്കപ്പെടുകയും ചെയ്തു. സിറാജുദ്ദീൻ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.

അഭിലാഷിനെ ആശുപത്രിയിലാക്കിയ ശേഷം പുലർച്ചെ വീണ്ടും ഇയാൾ സിറാജുദ്ദീനെയും മറ്റൊരു സുഹൃത്തിനെയും പെട്രോൾ പമ്പിന് സമീപം വെച്ച് ആക്രമിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ വിഷ്ണുപ്രസാദെന്ന് പോലീസ് അറിയിച്ചു.