കൊച്ചി: വിൽപ്പന ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന എംഡിഎംഎ എന്ന രാസലഹരിയുമായി എറണാകുളം പള്ളുരുത്തിയിൽ 35-കാരൻ അറസ്റ്റിലായി. പെരുമ്പടപ്പ് സെൻ്റ് ജേക്കബ് റോഡ് സലാംസേട്ട് പറമ്പിൽ എംഎസ് ഹൻസറിനെയാണ് പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതി താമസിച്ചിരുന്ന വാടകവീട്ടിൽ പോലീസ് പരിശോധന നടത്തിയത്.

മട്ടാഞ്ചേരി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ഉമേഷ് ഗോയലിൻ്റെ നിർദ്ദേശപ്രകാരം പള്ളുരുത്തി പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ അജ്മൽ ഹുസൈൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച നിലയിലുള്ള എംഡിഎംഎ പോലീസ് കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചതാണെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.

കൊച്ചി സിറ്റിയിൽ പോലീസ് ലഹരിവേട്ട ശക്തമാക്കിയിരിക്കുകയാണ്. അടുത്തിടെ നഗരത്തിൽ നടത്തിയ വിവിധ പരിശോധനകളിൽ മയക്കുമരുന്ന് വിൽപനയ്ക്കും ഉപയോഗത്തിനുമായി 30 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പുറമെ മദ്യപിച്ച് വാഹനം ഓടിച്ചതിന് 140 കേസുകളും അബ്കാരി ആക്ട് പ്രകാരം 28 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലൂടെ ആകെ 212 പേർക്കെതിരെ നടപടിയെടുത്തിരുന്നു. ഇനിയും ശക്തമായ പരിശോധനകൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.