തൃശൂർ: പ്രമുഖ ക്യാമറ ഷോപ്പിൽ നിന്ന് 14 ലക്ഷം രൂപയുടെ ക്യാമറകൾ മോഷ്ടിച്ച കേസിൽ 'ക്യാമറ ഫൈസൽ' എന്നറിയപ്പെടുന്ന ഫൈസൽ (35) പിടിയിൽ. വയനാട് മാനന്തവാടി സ്വദേശിയും നിലവിൽ എറണാകുളം വല്ലാർപാടം സ്വദേശിയുമാണ് ഇയാൾ. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശമുഖിന്റെ നേതൃത്വത്തിലുള്ള എസ്എജിഒസി ടീമും തൃശൂർ ഈസ്റ്റ് പോലീസുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ മാസം 10-ന് രാത്രിയാണ് സംഭവം നടന്നത്. നഗരത്തിലെ ക്യാമറ ഷോപ്പിൽ നിന്ന് ക്യാമറകളും ലെൻസുകളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. പുലർച്ചെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് കടയുടമ വിവരം ശ്രദ്ധിക്കുകയും തുടർന്ന് പരിശോധനയിൽ കടയുടെ ഷട്ടർ പൊളിച്ച് മോഷ്ടിച്ചതായി കണ്ടെത്തുകയുമായിരുന്നു.

ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെയും സമീപ പ്രദേശങ്ങളിലെ ഏകദേശം 150-ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വിവരങ്ങളും ശേഖരിച്ചിരുന്നു. പിടികൂടാതിരിക്കാൻ പ്രതി വസ്ത്രങ്ങൾ മാറ്റി, തൊപ്പിയും മാസ്കും ധരിച്ചാണ് മോഷണം നടത്തിയത്.