കോഴിക്കോട്: വടകര താഴെ അങ്ങാടി മത്സ്യമാർക്കറ്റിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ 38-കാരൻ അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശി തോട്ടുങ്കൽ നൗഷാദാണ് താഴെ അങ്ങാടി ബീച്ച് റോഡിലെ ഷബീറിനെ നെഞ്ചിൽ കത്തികൊണ്ട് കുത്തിയത്.

ഗുരുതരമായി പരിക്കേറ്റ ഷബീറിനെ ആദ്യം വടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കത്തിക്കുത്തിന് ശേഷം നൗഷാദ് സ്വയം വടകര പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഇയാളെ വടകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി.