പത്തനംതിട്ട: കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി അശ്ലീല വീഡിയോ പ്രദർശിപ്പിക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയും ചെയ്ത കേസിൽ തമിഴ്‌നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് തേനി പുതുപ്പെട്ടി സ്വദേശിയായ വിജയരാജ എം.പി. (42) ആണ് കൂടൽ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം 27-ന് രാവിലെ 7.45 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിയെ പ്രതി സ്കോർപ്പിയോ കാർ സമീപത്ത് നിർത്തി വഴി ചോദിക്കാനെന്ന വ്യാജേന തടഞ്ഞു നിർത്തി. തുടർന്ന്, ഇയാൾ കൈവശമിരുന്ന മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്ത ശേഷം വാഹനം ഓടിച്ചുപോകുകയായിരുന്നു. പുനലൂരിലേക്കുള്ള വഴി ചോദിച്ചാണ് ഇയാൾ വാഹനം നിർത്തിയത്.