പാലക്കാട്: വാണിയംകുളത്തെ കെ.എം. പെട്രോൾ പമ്പിന് തീയിടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വാണിയംകുളം സ്വദേശികളായ പ്രശാന്ത്, രവീന്ദ്രൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണശ്രമത്തിൽ കലാശിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് മൂന്നംഗ സംഘം ഓട്ടോറിക്ഷയിലെത്തി വാണിയംകുളത്തെ കെ.എം. പെട്രോൾ പമ്പിൽ ആക്രമണശ്രമം നടത്തിയത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകണമെന്ന് സംഘം ആവശ്യപ്പെട്ടെങ്കിലും, ജീവനക്കാർ വിസമ്മതിച്ചു.

ഇതിനെത്തുടർന്ന് ജീവനക്കാരുമായി ഇവർ വാക്കേറ്റത്തിലേർപ്പെടുകയും അസഭ്യം പറയുകയും ചെയ്തു. പിന്നീട്, ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കന്നാസുകളിൽ സംഘം പെട്രോൾ വാങ്ങി. ജീവനക്കാരോടുള്ള ദേഷ്യത്തിൽ, വാങ്ങിയ പെട്രോൾ ഉപയോഗിച്ച് പമ്പിൽ തീവെക്കാൻ ശ്രമിക്കുകയായിരുന്നു.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി പ്രശാന്തിനെയും രവീന്ദ്രനെയും അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.