കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 6 കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവാണ് എക്സൈസ് ഇൻസ്പെക്ടർ ഗോകുൽ ലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കുളത്തൂപ്പുഴ സ്വദേശികളായ റിഥിൻ (22), അൻസിൽ (24) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 6.09 കിലോഗ്രാം തൂക്കമുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ ആരംഭിച്ചു.